ഇത് എന്റെ
യാത്രാകുറിപ്പുകള്‍.
എന്റെ യാത്രകള്‍ അറിവ്
തേടിയുള്ളവയല്ല.
അനുഭവങ്ങള്‍
തേടിയുള്ളവയാണ്.
അരുമയായ സാമീപ്യങ്ങള്‍
തേടിയുള്ളവയാണ്.
ആ സാമീപ്യങ്ങളാകട്ടെ,
എനിക്ക് എപ്പോഴും മാതൃസാമീപ്യങ്ങളാകുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ്
, മള്‍ട്ടിപ്പിള്‍ മൈലോമ പിടിപെട്ടു മരിച്ചുപോയ എന്റെ അമ്മയുടെ അരൂപസാമീപ്യം.
ചിലപ്പോള്‍ ഒരു
പച്ചിലത്തുമ്പിലെ മഞ്ഞു തുള്ളിയില്‍ നിന്നാവാം എനിക്കത് ലഭിക്കുക.
അല്ലെങ്കില്‍, ഒരു
കാട്ടുചോലയിലെ തെളിനീര്‍ത്തുള്ളിയില്‍ നിന്ന് .
അവാച്യമായ
മറ്റെന്തൊക്കെയോ തിരയിളക്കങ്ങളില്‍ നിന്ന്.
അതുകൊണ്ടാണ് ഓരോ
യാത്രയും എനിക്ക് മാതൃസാമീപ്യങ്ങള്‍ തേടിയുള്ള തീര്‍ഥാടനങ്ങളാകുന്നത്.
ആ കുളിര്‍സാന്ത്വനത്തിന്
കൂടുതല്‍ തെളിമ കൈവരുന്നത് മനുഷ്യന്റെ ആദിഗേഹങ്ങളില്‍ നിന്നായതുകൊണ്ട് എന്റെ
യാത്രകള്‍ കൂടുതലും കാടുകളിലേക്ക് ആയിരുന്നു.
ആദിമാതാവിന്റെ
പ്രാഗ്വസതികളില്‍ ആ അരൂപസാമീപ്യം എന്നും എനിക്ക് ഹരിതസാന്ത്വനമായി.ആ മഹാസാന്ത്വനത്ത്തില്‍
മനസ്സിലെ മഞ്ഞുപരലുകള്‍ അലിഞ്ഞോഴുകി.
അങ്ങനെയാണ് എന്റെ തീര്‍ഥാടനങ്ങള്‍
ആര്‍ദ്രാടനങ്ങളായത് .
അതുകൊണ്ടുതന്നെ,
സരൂപഖരത്വങ്ങളെ അരൂപദ്രവത്വമാക്കുന്ന മഹാപ്രകൃതിയുടെ രസവാദവിദ്യ തേടിയുള്ള
പ്രയാണങ്ങള്‍ ഇന്നും തുടരുന്നു.......
എന്നെങ്കിലുമൊരിക്കല്‍ ആ
മാതൃതല്‍പ്പത്തില്‍ മനവും തനുവുമഴിഞ്ഞു മഹാനിദ്ര കൊള്ളുന്നത് വരെ....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ